ഹൃദയദർശനം

Menu

ദുഖവെള്ളിയും മരണചിന്തകളും

ഇന്ന് ദുഖവെള്ളി

അറിഞ്ഞു കൊണ്ട് ഒരാൾ മരണത്തിന്റെ തീരത്തേയ്ക്ക് നടന്നു കയറിയതിന്റെ സ്മരണ സജീവമാകുന്ന ദിനം.

ഇത്രമാത്രം ധൈര്യത്തോടെ സ്നേഹിച്ചവരുടെ തിരസ്കരണങ്ങൾ മാത്രം ഏറ്റു വാങ്ങിക്കൊണ്ട് ഒരാൾക്ക് എങ്ങനെ മരണത്തിലേയ്ക്ക് കൈവിരിച്ചു പിടിച്ചു നിൽക്കാനാവും?

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മരണത്തിന്റെ കവാടം കടന്ന രണ്ടു സഹോദരിമാരെ ഓർക്കുന്നു

ഒരാൾ ഒരു തീർത്ഥയാത്രയാത്രയ്ക്കിടയിൽ തികച്ചും ആകസ്മികമായും മറ്റൊരാൾ രോഗത്തിന്റെ തിരിച്ചറിവിൽ തികഞ്ഞ തയ്യാറെടുപ്പോടും കൂടിയാണ് മരണത്തിന്റെ വാതിലിലൂടെ അപ്രത്യക്ഷരായത്. ഓരോ തവണയും ആരെങ്കിലുമൊക്കെ പടിയിറങ്ങുമ്പോൾ അതിനു മുമ്പ് വിട ചൊല്ലിയ പലരും മനസ്സിലേയ്ക്ക് കടന്നു വരും. എവിടെയൊക്കെയോ ചില തേങ്ങലുകൾ… ജീവിതമെന്ന വലിയ സ്വപ്നത്തിന്റെ കാണാപ്പുറങ്ങൾ… എന്തായിരിക്കാം ഈ മരണത്തിനപ്പുറത്ത്? ഓരോ മരണ വാർത്ത കേൾക്കുമ്പോഴും ഞാൻ എന്റെ മരണത്തെ മുന്നിൽ കാണുന്നു. എങ്ങനെയായിരിക്കാം അത്? അപ്രതീക്ഷിതമോ, അറിവേടെയോ… എങ്ങനെയായാലും അതിനെ ഞാൻ സ്വീകരിച്ചേ പറ്റൂ. മരണത്തിനപ്പുറത്തുള്ള ജീവിതത്തെക്കുറിച്ച് ധാരാളം കഥകളും ഊഹാപോഹങ്ങളുമുണ്ട്. മരണത്തിനപ്പുറത്ത് ജീവിതത്തിന് ഒരു തുടർച്ചയുണ്ട് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അല്ലെങ്കിൽ ജീവിതമെന്ന മഹാവിസ്മയത്തിൻറെ മുൻപിൽ ഞാൻ വല്ലാതെ സങ്കടപ്പെട്ടേയ്ക്കാം.നിരാശപ്പെട്ടേയ്ക്കാം.

അയൽപക്കത്തെ ഒരു വല്ല്യമ്മയുടെ മരണമാണ് ആദ്യ ഓർമ്മ. വീട്ടിലെ ആദ്യത്തെ മരണം വല്ല്യപ്പന്റേത്. കുറെ നാളുകൾ വല്ല്യപ്പൻ തളർന്നു കിടന്നു. ആശുപത്രിയിലും വീട്ടിലുമായി കുറച്ച് വിദൂര ഓർമ്മകൾ. മരിക്കുമ്പോൾ അടുത്ത് നിന്നതും കേട്ട പ്രാർത്ഥനകളും മൃതസംസ്കാര ശുശ്രൂഷകളും ഒക്കെ ഓർമ്മയുണ്ട്. ബാല്യത്തിൻറെ ഒരു പാട് മധുരം നിറഞ്ഞ ഓർമ്മകൾ വല്ല്യപ്പൻ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നിട്ടും മറ്റുള്ളവർ കരയുന്നതെന്തിനെന്നറിയാതെ കൗതുകം പൂണ്ട മനസ്സിൽ മരണം വലിയ നൊമ്പരങ്ങളൊന്നും നിറച്ചില്ല. പിന്നെ വളർച്ചയുടെ കാലങ്ങളിൽ പ്രിയപ്പെട്ടവരും അറിയുന്നവരുമായി എത്രയോ പേർ… കുറെ പ്രാർത്ഥിച്ചതും, മരണം ക്രൂരമെന്നും തോന്നിയത് ചെറിയ പ്രായത്തിലെ ഗുരുതരമായ ഒരു രോഗത്തിനടിപ്പെട്ടു മരണമടഞ്ഞ ഒരു കസിൻ സഹോദരിയുടെ വിയോഗത്തിലാണ്. പിന്നെയും യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് ബെല്ലടിക്കാൻ കൊട്ടുവടിയുയർത്തവേ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണു മരിച്ച പ്യൂൺ ജോസഫ് ചേട്ടൻ. ബ്ളഡ് ക്യാൻസർ മൂലം ചെറുപ്രായത്തിലെ മരിച്ച സഹപാഠി സുരേഷിന്റെ സഹോദരി. അങ്ങനെ അങ്ങനെ…

പകരം വയ്ക്കാൻ കഴിയാത്ത പലതും മരണത്തിലൂടെ നഷ്ടമാകുന്നുവെന്ന തിരിച്ചറിവ് കാലത്തിലൂടെ കൈവന്നു. പ്രിയസുഹൃത്ത് ബോബിയുടെ മരണമാണ് വല്ലാതെ ഉലച്ചു കളഞ്ഞത്. ഉറങ്ങാൻ പോലും ഭയപ്പെട്ട ദിനരാത്രങ്ങൾ…മരണഭയം കൊണ്ടു മാത്രമായിരുന്നില്ല അത്. ജീവിതത്തിന്റെ ഒരു ഭാഗം മുറിഞ്ഞു പോയതു പോലെ ഒരു വേദനയായിരുന്നു അന്ന്. സെമിനാരി പഠനത്തിന്റെ ഇടയിൽ പിന്നെ പല മരണങ്ങളും വാർത്തകൾ മാത്രമായി. ദീർഘ വർഷങ്ങളുടെ നൊമ്പരമായിരുന്നു മമ്മിയുടെ അസുഖം. മധ്യവയസ്സിൽ അൽഷിമേഴ്സ് രോഗം ക്രൂരത കാട്ടിയ ഒരുടലുമായി മമ്മി 15 വർഷത്തോളം സഹിച്ചു. ഒരു കണ്ണിമയുടെ ചലനത്തിൽ മാത്രം ജീവിതം അറിയിച്ച വർഷങ്ങൾ..തുടർന്ന് കുടുംബത്തിലും കുടുംബബന്ധങ്ങളിലുമുണ്ടായ പ്രത്യാഘാതങ്ങൾ…മമ്മി മരിക്കണം എന്നാഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത നാളുകൾ. എല്ലാം ദൈവഹിതമാണെന്ന ആശയം വിഢ്ഢിത്തമായി തോന്നിയ നാളുകൾ… അസുഖമായി കിടന്ന നാളുകളിലുൾപ്പെടെ മമ്മിയെ എനിക്ക് മിസ് ചെയ്തിരുന്നു എന്നു  മനസ്സിലായത് 2009 സെപ്റ്റംബർ 15 ന് ശേഷമാണ്. അന്ന് രാത്രി ശോഷിച്ച ആ ശരീരത്തിന് ഒറ്റയ്ക്ക്  കാവലിരുന്ന ചില മണിക്കൂറുകളിൽ മമ്മിയെ ശരിക്കും സ്നേഹിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം അണകെട്ടിത്തുടങ്ങി. തണുത്തുറഞ്ഞ ആ ശരീരത്തിലേയ്ക്ക നോക്കി വെറും ഒരു കണ്ണിമ കൊണ്ട് ഇതാണ് ജീവിതം എന്ന് ഓർമ്മിപ്പിച്ചിരുന്ന നിമിഷങ്ങളെ തിരിച്ചെടുത്തു നോക്കി. ആ കണ്ണിമയും ശ്വാസ നിശ്വാസങ്ങളും എത്ര വലിയ അത്ഭുതമായിരുന്നുവെന്ന് മരണം എന്നെ പഠിപ്പിച്ചു.

പിന്നെ രോഗത്തെ പോലും വളരെ ആദരവോടെ കാണാൻ പഠിച്ചു. ശരീരമെന്ന വലിയ രഹസ്യം മനസ്സിൽ പടർന്നു പന്തലിച്ചു. ഓരോ കാഴ്ചകളും അവസാന കാഴ്ചകളെന്ന പോലെ നോക്കിക്കാണാൻ തുടങ്ങി. അതു കൊണ്ടു തന്നെ ജീവിതം കുടുതൽ ഭാരപ്പെടുകയാണ്. വഴിയിലൂടെ നടന്നു പോകൂന്ന അപരിചിതരുടെ സാന്നിധ്യം പോലും പലപ്പോഴും ആദ്യത്തേതും അവസാനത്തേതുമാണല്ലോ എന്ന തിരിച്ചറിവ് ജീവിതത്തെ ദീപ്തവും സാന്ദ്രവുമാക്കുന്നു.

കാഴ്ചപ്പാടുകൾ മാറുകയാണ്. ഓരോ മനുഷ്യരോടുമൊപ്പം അപ്രത്യക്ഷമാകുന്നത് ഓരോ ലോകങ്ങളാണ്. കാഴ്ചപ്പാടുകൾ കൊണ്ടും കാമനകൾ കൊണ്ടും ബന്ധങ്ങൾ കൊണ്ടും സ്ഥലകാലബദ്ധമായി പടുത്തയർത്തപ്പെട്ട ചില രാജ്യങ്ങൽ നാമാവശേഷമായി പോകുന്നു. അതാണ് ഓരോ ജീവിതവും. എന്നിട്ടും ഞാൻ നില നിൽക്കുകയാണ്.. ഞാൻ ഒരു ബോധമായി ഏതൊക്കെയോ അബോധങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നു. ജീവിതത്തിന്റെ തിരിച്ചറിവുകളെയും അനുഭവങ്ങളെയും ഏത് ഭാഷ കൊണ്ട് വിവരിക്കുവാനാകും?

വീണ്ടും ക്രിസ്തുവിലേയ്ക്ക് വരുന്നു.

മരണം അവന് കടന്നു പോകലായിരുന്നു. ക്രിസ്തുവിന്റെ ജീവിതം വെറുമൊരു കെട്ടുകഥയാണന്ന് പറഞ്ഞാൽ പോലും ഞാനതിഷ്ടപ്പെടും. കാരണം അതിൽ വിവരണാതീതമായ ഒരു പ്രതീക്ഷയുടെ യുക്തിയുണ്ട്. അവനെക്കുറിച്ചുള്ള ഓർമ്മകൾ തെല്ലൊന്നുമല്ല ജീവിതത്തെ ആശ്വസിപ്പിക്കുക. സ്മരണകളിലൂടെ പൊലിപ്പിക്കപ്പെട്ടാണ് അവൻറെ സങ്കടങ്ങൾ ഒരു ചരിത്രത്തിൻറെ ഭാഗമായത്. അവന്റെ കാലത്തിൽ അവൻ മാത്രമായിരുന്നു സഹിച്ചത്. അവന്റെ സങ്കടകളുടെ ഓർമ്മകളുടെ ആചരണത്തിലൂടെ നമ്മുടെ മനസ്സുകൾ അവന്റെ സഹനങ്ങൾക്ക് നിറമേകി. നിറമില്ലാത്ത ഒരു കാലത്തിൽ ഏറ്റവും തിരസ്കൃതമായ ഒരു അസ്തിത്വത്തിൻറെ നൊമ്പരങ്ങളെ ഒരു കാലത്തിനും വായിക്കാൻ കഴിയില്ല. ഒരമ്മയുടെ തണൽ മാത്രമുണ്ടായിരുന്ന അവന് മരണത്തെ അത്രമാത്രം വേദനയോടെ മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. അത് ഒരു അനാഥന്റെ മരണമായിരുന്നു. അത് കൊണ്ടാണ് ഭൂമി അത്ര വാത്സല്യത്തോടെ ആ വിടവാങ്ങലിന് കാവൽ നിന്നത്.

കുരിശുമരണത്തിലൂടെ ക്രിസ്തു വരയ്ക്കുന്ന ഒരു ചിത്രമുണ്ട്. ശരീരത്തിനും മേലെ വളരെ ഉയർന്നു നിൽക്കുന്ന എന്തോ ഒന്ന് ഓരോ മനുഷ്യജീവനിലും ഉണ്ടെന്നുള്ള താക്കീതിൻറെ ഒരു ചൂണ്ടു പലക. അത് ഒരു ശരീരധ്യാനത്തിലൂടെ, സഹനപാതകളുടെ തുടക്കത്തിലേയ്ക് നടന്ന് ഒരുവന്റെ ജീവിത ദർശനത്തിൽ കണ്ടെത്തേണ്ടതാണ്. അതു കൊണ്ടാണ് സുവിശേഷ പ്രസംഗം ചരിത്രത്തിൽ ഒരു ക്രുശുമരണത്തിലാരംഭിച്ചതും മലയിലെ പ്രസംഗത്തിൽ അവസാനിച്ചതും. ചുരുക്കം ഇത്രയേ ഉള്ളൂ, നീ എങ്ങനെ ജീവിച്ചുവോ, അതു പോലെ തന്നെ മരണത്തിനു ശേഷം നിന്നെ കണ്ടെത്തും. നിൻറ സ്വർഗ്ഗത്തിന്റെ താക്കോൽ നിന്റെ ജീവിതമാകുന്ന വയലിൽ സൃഷ്ടാവ് കുഴിച്ചു മൂടിയിട്ടിട്ടുണ്ട്.

സങ്കടങ്ങൾ ഒരിക്കലും ആഘോഷിക്കപ്പെടേണ്ടതല്ല. അവ ധ്യാനിക്കപ്പെടേണ്ടതാണ്. അത് തിരിച്ചറിവുകൾക്ക് വേണ്ടിയുള്ള വാഴ്ത്തലുകളാണ്. ആചരണങ്ങളിലല്ല ക്രിസ്തു. അവന്റെ നൊമ്പരങ്ങളുടെയും മരണത്തിന്റെയും ഓർമ്മകളിൽ ജീവിതം കുറച്ചുകൂടി ഗൗരവത്തോടെ കാണാൻ നമുക്ക് കഴിയട്ടെ.

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.