ഹൃദയദർശനം

Menu

ആകസ്മികതയും ജീവിതത്തിൻറെ സൗന്ദര്യവും

ഏകദേശം രണ്ട് മാസം മുൻപാണ്,  കമ്മ്യൂണിറ്റി ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്പോൾ കൂടെയുള്ള സീനിയറായ ഒരു സന്യാസ വൈദികൻ അടുത്ത് വന്നിരുന്നത്.  ഡോക്ടറോട് ഒരു കാര്യം ചോദിക്കാനുണ്ട് എനിക്കു മുൻപ് കയറിക്കോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോൾ സന്തോഷത്തോടെ അനുവദിച്ചു. എന്തോ ബ്ലഡ് റിസൽറ്റ് കാണിക്കാനായിരുന്നു. സംസാരിച്ചിരിക്കുന്പോൾ ചോദിച്ചു, ” എന്താ വണ്ടിയൊന്നും ഓടിക്കാത്തത്? ”

“കണ്ണിനൊരു ചെറിയ മൂടലുണ്ട് അത് കൊണ്ട് റിസ്കൊന്നും എടുക്കുന്നില്ല”. അദ്ദേഹം പറഞ്ഞു. പിന്നെ അസുഖങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു “എനിക്ക് ഉടനെയൊന്നും മരിക്കണ്ട. കുറച്ച് നാൾ കൂടി ജീവിക്കണം.”

ഏതാനും ദിവസങ്ങൾക്ക് ശേഷം അറിയാൻ കഴിഞ്ഞു അദ്ദേഹത്തിന് രക്താർബുദമാണെന്നും ആറു മാസത്തിൽ കൂടുതൽ ആയുസ്സില്ലെന്നും.  ഇന്ന് രാവിലെ ദുഖകരമായ വാർത്തയെത്തി, ഉറക്കത്തിൽ അദ്ദേഹം വിട പറഞ്ഞിരിക്കുന്നു.

ജീവിതം പലപ്പോഴും, ചോദ്യച്ഛിഹ്നങ്ങൾ നൽകി ഇങ്ങനെ ഊറിച്ചിരിക്കുകയാണ്. ജീവിതത്തെ ആഗാധമായി സ്നേഹിച്ചു തുടങ്ങുന്പോഴേയ്ക്കും അത് അവസാനിക്കുന്നു. ചിലർ ജീവിതം അവസാനിപ്പാക്കാനും അവസാനിക്കാനും കാത്തിരിക്കുന്നു.

ഒരു പളുങ്കു പാത്രം ഉടഞ്ഞു പോകുന്നതു പോലെയാണ് ചിലരുടെ ജീവിതം അവസാനിക്കുന്നത്.  ഓർമ്മകളിൽ പിന്നെ നാം ആ പാത്രത്തിൻറെ ചില്ലുകൾ വാരിക്കൂട്ടാൻ ശ്രമിക്കുന്നു.  പ്രയപ്പെട്ടവരൊക്കെ അനശ്വരമായ ഒരു ചിരിയോടെ മനസ്സിൻറെ ഭിത്തകളിൽ വിശ്രമിക്കുന്നുണ്ട്. സ്നേഹവും വേർപാടിൻറെ നൊന്പരങ്ങളും ജീവിതത്തെ വളരെ ശ്രദ്ധയോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു. കൊഴിഞ്ഞു പോകുന്ന ഇതളുകളൊക്കെ ഓർമിപ്പിക്കുന്നത് ചേർന്ന് നിന്നപ്പോഴത്തെ പൂർണതയാണ്. ആരും ഒറ്റയ്ക്കല്ല. ജീവിച്ചിരിക്കുന്നവരും, മരിച്ചവരും, ജനിക്കാനിരിക്കുന്നവരും എവിടെയൊക്കെയൊ തൊട്ടു നിൽക്കുന്നുണ്ട്.

ഒരു മദ്ധ്യവയസ്സാകുന്പോഴേയ്ക്കും തിരിച്ചറിയുകയാണ്, ബാല്യത്തിൻറെ നൊന്പരങ്ങളൊന്നും നൊന്പരങ്ങളായിരുന്നില്ലെന്ന്. ജീവിതത്തിൻറെ ഇടനാഴിയിൽ വന്നു ചേരുന്ന പ്രായഭേദമില്ലാത്ത സൗഹൃദങ്ങൾ മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്ന് ഓർമ്മപ്പെടുത്തുന്നു.  പിന്നാലെ വന്ന പലരും സ്വന്തം ചിന്തകളോട് സമാനത പുലർത്തുന്നവരാണെന്നും അവർ കടന്നു പോകുന്ന ജീവിത വഴികൾക്ക് നമ്മുടേതിനോട് സമാനതയുണ്ടെന്നും തിരിച്ചറിയുന്പോൾ വാത്സല്യത്തോടെ അവരെ ഹൃദയത്തിൽ അണച്ചു പിടിക്കുന്നു. ജീവിതത്തിൻറ പാരസ്പര്യം തിരിച്ചറിയുന്ന അപൂർവ്വം ചില നിമിഷങ്ങളാണവ.

ഓരോ സൗഹൃദത്തിലും അടുത്ത ചില കുടുംബ ബന്ധങ്ങളുടെ നിഴലനക്കങ്ങളുണ്ട്. ചിലർ അച്ഛനോ അമ്മയോ ആണ്. ചിലർ സഹോദരങ്ങളാണ്. ചിലർ… അങ്ങനെയങ്ങനെ…

ചരിത്രം ആവർത്തിക്കുന്നില്ലെങ്കിലും സ്നേഹങ്ങൾ പനർജനിക്കുന്നു.

ഓർമ്മയുടെ തീരങ്ങളിൽ പ്രിയ പുരോഹിത സഹോദരാ, വന്ദനം. നീ ആരായിരുന്നുവെനിക്ക്?

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.