ഹൃദയദർശനം

Menu

അപാരതയുടെ തീരങ്ങളിലേയ്ക്ക് ഒരു ക്ഷണം


നിശ്ചയിക്കപ്പെടാത്ത വഴികളിലൂടെയും തീരങ്ങളിലൂടെയും അലയാന്‍ വിധിക്കപ്പെട്ടവന് ഒരു കൂരയുടെ തണലോ, ഒരു ശരീരത്തിന്റെ ചൂടോ, ഒരു ഹൃദയത്തിന്റെ ആര്‍ദ്രതയോ അവകശപ്പെടാനില്ല. എന്നിട്ടും ചില നേരങ്ങളില്‍ വേനലിലെ മഴദാഹം പോലെ ജീവിതത്തെ സ്വപ്നങ്ങള്‍ ആക്രമിക്കുന്നുണ്ട്. പലപ്പോഴും ഓര്‍ക്കും എല്ലാ സ്വപ്നങ്ങളും മരുപ്പച്ചകള്‍ മാത്രമാണ്. ഏറ്റവും അടുത്തെത്തുമ്പോള്‍ മനസ്സിലാവും സര്‍വ്വ ഇന്ദ്രയങ്ങളെയും പ്രതീക്ഷയിലുണര്‍ത്തി പ്രലോഭിപ്പിച്ച ഹരിതദര്‍ശനങ്ങളെല്ലാം മായയായിരുന്നുവെന്ന്. ജീവിതം, സൗഹൃദങ്ങള്‍, ബന്ധങ്ങള്‍..തീന്‍ മേശകള്‍, കളിക്കൂട്ടായ്മകള്‍ എല്ലാം എല്ലാം ഒരു പകലറുതിയില്‍ ചുവന്നസ്തമിക്കുന്നു.ജിവിതത്തില്‍ ചിലപ്പോള്‍ ആര് എവിടെയാണെന്നതോ, എന്തായിരുന്നുവെന്നതോ പോലും പ്രസക്തമല്ല ചിലപ്പോള്‍.. എല്ലാം ജീവിന്റെ അടയാളപ്പെടുത്തലുകളും പ്രസരിപ്പിന്റെ തുടിപ്പുകളും മാത്രമായി കടന്നു പോകുന്നു. എല്ലാം ഇഴ പിരിഞ്ഞു നില്‍ക്കുന്നുവെന്ന് ചിലപ്പോള്‍ തോന്നും. പിന്നെ ഒരു ഉണര്‍വില്‍ തിരിച്ചറിയുന്നു..അകലങ്ങളിലാണ്.. ഒരു പാട് അകലങ്ങളിലാണ് എല്ലാം.ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒരു സ്വകാര്യതയാണ്. സ്വകാര്യതയുടെ ചിപ്പികളില്‍ നിന്ന് കണ്ടെടുക്കപ്പെട്ട് ഓര്‍മ്മകളുടെ ആഭരണങ്ങളില്‍ അവ കോര്‍ത്ത് ജീവിതത്തിലണിയപ്പെടുന്നു. ഇടയ്ക്കുള്ള ചില സ്പര്‍ശങ്ങളിലും മറ്റുള്ളവരുടെ വാക്കുകളിലും മാത്രം അവബോധത്തില്‍ സജീവമാകുന്ന സാന്നിധ്യം മാത്രമാണ് അവയെങ്കിലും അവയുടെ മൂല്യം വലുത് തന്നെയാണ്.ചില ഹ്രസ്വസുന്ദരമായ അനുഭവങ്ങളാണ് നിത്യതയെ മോഹിക്കാന്‍ നമ്മെ പ്രലോഭിപ്പിക്കുന്നത്. അതു കൊണ്ട് ഹ്രസ്വമായത് നിത്യതയോളം സുന്ദരം തന്നെയാണ്, പ്രത്യേകിച്ചും അവയുടെ ഭംഗി തിരിച്ചറിയപ്പെടുമ്പോള്‍.നമുക്ക് ആര്‍ക്ക് എന്ത് സ്ഥാനമാണ് കല്പിച്ചു നല്‍കാനുള്ളത്? സ്‌നേഹത്തിന് വേഷങ്ങളുണ്ട് എന്നല്ലാതെ അതിന്റെ ആന്തരികതയ്ക്ക് അതാവശ്യമില്ല. കളങ്കരഹിതമായ ഒരു പ്രഭ എല്ലാ സ്‌നേഹങ്ങളിലുമുണ്ട്. അത് കൊണ്ട് തന്നെ സ്‌നേഹഹിക്കപ്പെടുമ്പോഴും സ്‌നേഹിക്കുമ്പോഴും നമ്മള്‍ ജ്വലിക്കുകയാണ്. അപാരതയുടെ തീരങ്ങളിലേയ്ക്ക് ഒരു ക്ഷണം.

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.