ഹൃദയദർശനം

Menu

സംശയം


നമുക്ക് നമ്മെത്തന്നെ നിയന്ത്രിക്കാമെന്നത് വെറുമൊരു വ്യമോഹം മാത്രമാണ്..
മനശ്ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമിടയിലൂടെ ചിന്തകള്‍ തെറിച്ച് പോകുന്നത്
നിസ്സഹായതയൊടെ തിരിച്ചറിയുമ്പോഴാണ്
ആത്മീയതയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശാന്തമാക്കാന്‍ കഴിയാത്ത
മനസ്സിന്റെ വിഹ്വലതകളില്‍ ഭയക്കുമ്പോഴാണ്
എന്താണ് ഞാനെന്നും എങ്ങനെയാണ് ഞാനെന്നുമൊക്കെ ചിന്തിച്ചു പോകുന്നത്.
ചിന്തകളെല്ലാം അടര്‍ന്നു വീഴുകയാണ്…
ആവയൊക്കെ വാരിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍
ഞാന്‍ എന്ന ബോധം പോലും അവ്യക്തമായിത്തീര്‍ന്ന്
സ്വത്വം മരവിപ്പിലേയ്ക്ക് നീങ്ങുന്നു.
ചിലപ്പോള്‍ ജീവിതം ഇങ്ങനെയായിരിക്കാം.
ഞാന്‍ എന്നാണ് എന്നിലേയ്ക്ക് മടങ്ങി വരിക…
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം തരാനും
എനിക്ക് പുറത്ത് ഒരുപാട് പേരുണ്ട്..
സ്‌നേഹത്തിന്റെ പേരില്‍ കരയാനും കരുതാനും
കാവലിരിക്കാനും പ്രാര്‍ത്ഥിക്കാനും ഒരു പാട് പേരുണ്ട്.
ജീവിതമെന്ന മഹാവിസ്മയത്തിന്റെ മായാജാലക്കാഴ്ചകള്‍ക്കിടയില്‍
ഞാനെവിടെയാണെന്ന ചോദ്യം മാത്രം ബാക്കി

Categories:   Poems, കുറിപ്പുകൾ

Comments

Sorry, comments are closed for this item.