ഹൃദയദർശനം

Menu

മൗനം

തിരക്കു പിടിച്ച ജീവിതം ചിലപ്പോള്‍ ജീവിതത്തിന്റെ കുസൃതികളെ മറച്ചു പിടിച്ചേക്കാം. ക്ലാവുപിടിച്ച ഓര്‍മ്മകളില്‍ കാലം വേനലായി മാത്രം ജീവിതത്തില്‍ നിറയാം. എങ്കിലും മനസ്സില്‍ മഴപെയ്യുന്ന ചില നിമിഷങ്ങളുണ്ട്…തടഞ്ഞു നിര്‍ത്തിയ ജീവിതത്തിന്റെ സാന്ദ്രഭാവങ്ങളിലേതും കരിമരുന്നു കത്തുന്ന ശോഭയോടെ അകതാരില്‍ മാനം നിറഞ്ഞ് വിടരും..വര്‍ണ്ണമായും വെളിച്ചമായും. നിരീക്ഷണങ്ങളിലൂടെയോ, കഥകളിലൂടെയോ ആണെങ്കിലും ഒരാള്‍ മറ്റൊരു ജീവിതത്തെ മനസ്സിലാക്കുന്ന നിമിഷങ്ങള്‍ എത്ര ഭംഗിയുള്ളതാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ബന്ധത്തിന്റെ സാധ്യതകള്‍ നീട്ടി ഭ്രമിപ്പിക്കുന്നതാണ് ഓരോ ജീവിതവും. കര്‍ഷകനും യാചകനും പുരോഹിതനും പ്യൂണും യാത്രികനും സംഗീതജ്ഞനും എഴുത്തുകാരനും ചിത്രകാരിയും തത്വശാസ്ത്രജ്ഞനും കോമാളിയും ജീവിതത്തിന്റെ മുഖങ്ങള്‍ മാത്രമാണ്. ഓരോ ബന്ധത്തിലും തെളിയുന്നത് എന്റെ തന്നെ ഒരായിരം സ്വപന്ങ്ങളും നഷ്ടങ്ങളുമാണ്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതാസ്വാദനത്തിന് ഞാനീ മാനവരാശിയെ മുഴുവന്‍ അണച്ചു പിടിച്ചേ മതിയാകൂ. അതു കൊണ്ടാണ് അമ്മയെ കാത്തിരിക്കുന്നതു പോലെ തന്നെ ഞാനെന്റെ കൊലയാളിയേയും കാത്തിരിക്കുന്നത്. ചിരികള്‍ക്കു മുകളിലുയര്‍ന്നു കണ്ണീരിനെ തേടുന്നത്. ശരിക്കും ജീവിതം ഒരു ഭ്രാന്തു തന്നെയാണ്. ചേര്‍ന്നു നില്‍ക്കാത്ത കാര്യങ്ങളെ അണച്ചു പിടിക്കാനുള്ള ഒരു വിഢിയുടെ വ്യാമോഹം. ഒന്നും നടന്നില്ലെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു തന്നെ പുണ്യം. കര്‍മ്മം തന്നെ ജീവിതം. പ്രജ്ഞ. മന്ദഹാസം. മൗനം.

 

Categories:   കുറിപ്പുകൾ

Comments

Sorry, comments are closed for this item.