ഹൃദയദർശനം

Menu

വിശുദ്ധര്‍

വിശുദ്ധര്‍ വില്‍ക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലെ ഒരു വിചിത്രാനുഭവത്തോടെയാണ് ഡിസംബര്‍ മാസം കടന്നു വന്നത്. സംഭവം ഇങ്ങനെയാണ്. വി. മരിയാ ഗൊരേത്തിയുടെ ശവകുടീരം കാണാനും പ്രാര്‍ത്ഥിക്കാനും സാധിച്ചാല്‍ വിശുദ്ധ ജീവിച്ചിരുന്ന വീട് കാണാനുമാണ് ഇറ്റലിയിലെ നെറ്റൂണോ എന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടത്. മണിക്ക് പുറപ്പെടേണ്ടിയിരുന്ന ലോക്കല്‍ ട്രെയിന്‍ രണ്ടരമണിക്കൂര്‍ താമസിച്ചാണ് പുറപ്പെട്ടത്. ഒരു വിധത്തില്‍ സ്ഥലത്തെത്തി. ശരീരം അടക്കം ചെയ്തിരുന്ന ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ച് താഴെ ശരീരം സൂക്ഷിച്ചിരുന്ന സ്ഥലത്തേയ്ക്ക് നടന്നിറങ്ങേുമ്പോള്‍ ഭക്തിയും പ്രതീക്ഷയുമായിരുന്നു മനസ്സില്‍. എന്നാല്‍ അവിടെയെത്തിയപ്പോള്‍ ഞെട്ടിപ്പോയി. ശരീരം അടക്കം ചെയ്തിരുന്ന സ്ഥലത്ത് ഒരു ചിത്രവും, തിരുശേഷിപ്പിന്റെ അല്പം ഭാഗവും പിന്നെ ഒരു കുറിപ്പും. വിശുദ്ധയുടെ ശരീരം പര്യടനത്തിലാണേ്രത! ഈ മാസം 4 നേ തിരിച്ചെത്തുകയുള്ളൂ. ഒരു വിധത്തില്‍ സമാധാനപ്പെട്ട് മരിയാ ഗൊരേത്തിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് പുറപ്പെടാന്‍ പളളി വികാരിയച്ചന്‍ വഴി അറേഞ്ച് ചെയ്തിരുന്ന ടാക്‌സിക്കു വേണ്ടി കാത്തു നില്‍ക്കാന്‍ തുടങ്ങി. സമയം അതിക്രമിച്ചിട്ടും കാണാഞ്ഞ് അയാളെ പല തവണ ഫോണില്‍ വിളിച്ചെങ്കിലും ഇതാ എത്തി എന്നു പറഞ്ഞ് അയാള്‍ പറ്റിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ നേരേ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് നടന്നു. അവിടെ അടുത്തെവിടെയെങ്കിലും ടാക്‌സി കാണാതിരിക്കില്ല എന്നു വിചാരിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. തടര്‍ന്ന് അവിടെ അടുത്തുള്ള രണ്ടു മൂന്നു കടകളില്‍ കയറി അന്വേഷിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവരില്‍ ചിലര്‍്ക്ക് മരിയാ ഗൊരേത്തിയെക്കുറിച്ചോ, അങ്ങനെയൊരാളുടെ വീടിനെക്കുറിച്ചൊ പോലും അറിയില്ല. പിന്നെ കടല്‍ത്തീരത്ത് അല്പ സമയെ ചിലവഴേിച്ച് മടങ്ങുമ്പോള്‍ ക്രിസ്തുവിന്റെ ഉയര്‍പ്പിനു ശേഷം മാലാഖമാര്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലേയ്ക്ക് വന്നു. ‘ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്?’

വെറുതെ കുറച്ച് ചോദ്യങ്ങള്‍ മനസ്സില്‍ വരുന്നു. ആര്‍ക്കാണ് ഈ വിശുദ്ധ പ്രഖ്യാപനങ്ങളും അനുബന്ധ കാര്യങ്ങളും ആവശ്യം. വിശുദ്ധര്‍ ഇത് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടാവുമോ? ക്രിസ്തു ഇതാഗ്രഹിക്കുന്നുണ്ടാവുമോ?

പക്ഷേ ഒന്നു തീര്‍ച്ച. നമുക്ക് ആഘോഷങ്ങള്‍ കൂടിയേ തീരൂ. നമുക്ക് തിരുനാളുകളും പ്രാര്‍ഥനകളും യോഗങ്ങളും എണ്ണം കൂട്ടണം. നമുക്ക് വലിയ ദേവാലങ്ങളും സുന്ദരരും അത്ഭുത പ്രവര്‍ത്തകരുമായ വിശുദ്ധരും വേണം. അവരെക്കുറിച്ച് നമ്മള്‍ ഏറെ അഭിമാനിക്കുകയും ധാരാളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിക്കുകയും വേണം. വിശുദ്ധ പ്രഘ്യാപനങ്ങള്‍ക്ക് ശേഷം വിശുദ്ധസ്ഥലങ്ങള്‍ രുപതകള്‍ ഏറ്റെടുക്കുകയും അത് വികസിപ്പിക്കുകയും വേണം. തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണം. അങ്ങോട്ടേയ്ക്ക് വീതിയുള്ള റോഡുകള്‍ വേണം. അസംബന്ധം വിളിച്ചു പറയുന്നവരാണെങ്കിലും പ്രായോഗിക തീരുമാനങ്ങള്‍ക്ക് നമുക്ക് നമ്മുടെ രാഷ്ട്രീയക്കാര്‍ വേണം.

പിന്നെ നമുക്ക് കൂടുതല്‍ പാപികളും, കൂടുതല്‍ ധ്യാനങ്ങളും വേണം. പിന്നെ പിന്നെ….

ഏറ്റവും ഒടുവില്‍ നമുക്ക് നമ്മുടെ വിശുദ്ധരെ സൗകര്യപൂര്‍വം വിസ്മരിക്കുകയും കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ വില്‍ക്കുകയും വേണം. നമ്മുടെ മതം ‘ഉപഭോഗ’ വും, നമ്മുടെ ആത്മീയത ‘മാധ്യമ പ്രസരണ’ വുമാണ്.

Categories:   Reflections

Comments

Sorry, comments are closed for this item.