ഹൃദയദർശനം

Menu

തുറക്കാത്തതെന്തോ…

എല്ലാ ആഘോഷങ്ങള്‍ക്കുമിടയില്‍ ഒരാള്‍ തനിച്ചാകുന്ന ചില നിമിഷങ്ങളുണ്ട്. എല്ലാ സ്‌നേഹാദരവിനുമിടയില്‍ സ്വയം ശൂന്യമായി നില്‍ക്കുന്ന ഒരു സമയമുണ്ട്. എല്ലാ വിജയങ്ങള്‍ക്കും ശേഷം മിഥ്യാബോധം കീഴ്‌പ്പെടുത്തുന്ന ഒരു നിമിഷമുണ്ട്.

ജീവിതം നേര്‍രേഖയിലല്ലെന്ന് വായിച്ചെടുക്കാന്‍ അധികം ആലോചനകളൊന്നും വേണ്ട. ചിതറിക്കിടക്കുന്ന ചില ബിന്ദുക്കള്‍ വാരിപ്പിടിച്ച് സമഗ്രതതേടുന്ന ഒരു മനസ്സിന്റെ ആശ്വാമാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കുന്നത്.

ഞാന്‍ പരന്നു കിടക്കുന്നു. നീ ഒഴുകി നടക്കുന്നു. ചിലര്‍ കാറ്റായും ചിലര്‍ അഗ്നിയായും വീശുന്നു. അതേ… വിത്യാസമുണ്ട്.. രൂപത്തിനും ഭാവത്തിനും ഘടനയ്ക്കും വിത്യാസമുണ്ട്. ഒളിപ്പിച്ചു വെച്ച മനുഷ്യമുഖങ്ങള്‍ക്കടിയില്‍ അപാരതയുടെ മിന്നലാട്ടങ്ങളുണ്ട്.. അറിഞ്ഞും അറിയാതെയും ചിലര്‍ അത് കണ്ടെടുക്കുകയും ചിലര്‍ അത് തിരിച്ചറിയുകയും ചെയ്യുന്നു.

നമ്മള്‍ വല്ലാതെ താരതമ്യം ചെയ്യുന്നവരാണ്.. എല്ലാം ഒരുപോലെ തന്നെയാണെന്ന് വിശ്വസിക്കുന്നവരാണ്…ഇന്നലത്തെ സമയവും ഇന്നത്തെ സമയവും ഇന്നലത്തെ നീയും ഇന്നത്തെ നീയും വലിയ വിത്യസങ്ങളൊന്നുമില്ലാത്തതും നാളെ വലിയ വിത്യാസങ്ങളൊന്നും വരാത്തതുമാണെന്ന് വിശ്വസിച്ചു പോകുന്നില്ലേ…അതാണ് ജീവിതത്തിന്റെ ദുരവസ്ഥ. തുറന്നു പിടിച്ച കണ്ണുകള്‍ കൊണ്ട് എല്ലാം കണ്ടിട്ടും തുറന്നു പിടിച്ച ചെവികള്‍ കൊണ്ട് എല്ലാം കേട്ടിട്ടും എല്ലാ ഇന്ദ്രിയങ്ങളും എല്ലാം അനുഭവിച്ചിട്ടും തുറക്കാത്തതായി എന്തോ ഒന്ന് എന്റെയും നിന്റെയും ഉള്ളിലുണ്ട്.

ശരിക്കും നമ്മളാരും ജീവിക്കുന്നില്ല. ഭൂതകാലത്തില്‍ നാം ജീവിച്ചിട്ടില്ലെന്ന് തിരിച്ചറിയുകയും ഭാവിയില്‍ ജീവിക്കാന്‍ പറ്റുമോ എന്ന് ആകുലപ്പെടുകയും മാത്രം ചെയ്ത് വര്‍ത്തമാനത്തില്‍ പരിഭ്രമിച്ചു നില്‍ക്കുക മാത്രമാണ് നാം.

മറ്റാരൊക്കെയോ നമുക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്നു. മറ്റാരുടെയൊക്കെയോ കൂടെ ചേര്‍ന്ന് നാം നമ്മുടെ തീരുമാനങ്ങളെ തിരിച്ചറിയുന്നു.

ഒരിക്കലും ഞാനാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് വരെ ഭയം മാത്രാമായിരുന്നു എന്നെ നിയന്ത്രിച്ചിരുന്നത് എന്ന് തിരിച്ചറിയുന്നു. എനിക്ക് ശരിക്കും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വീര്‍പ്പുമുട്ടലുണ്ട്. പക്ഷേ സ്വതന്ത്രമാകുന്ന ആ നിമിഷം തന്നെ ഞാന്‍ ഇല്ലാതാകുകയും ചെയ്യും. അതിനിടയിലുള്ള ഒരു കിനാവ് മാത്രമാണ് ജീവിക്കുന്നു എന്ന തിരിച്ചറിവ്.

Categories:   Reflections

Comments

Sorry, comments are closed for this item.