ഹൃദയദർശനം

Menu

മഴ

പുറത്ത് മഴയാണ്

ന്യൂനമര്‍ദ്ദവും മഴയും പവര്‍കട്ടും

രാത്രിയുടെ വിതുമ്പല്‍ പോലെയീ മഴ

എന്റെ ദുഖവെള്ളികളുടെ സ്മരണയുമായി വരുന്നു

തലയണയില്‍ മുഖമമര്‍ത്തി കരഞ്ഞതും

പിന്നെ തിരിഞ്ഞുകിടന്നയവിറക്കിയ

ഓര്‍മ്മകളില്‍ ചുടുകണ്ണീര്‍ ഇരുവശങ്ങളിലേയ്ക്കും

വാര്‍ന്നു പൊയ്‌ക്കൊണ്ടിരുന്നതും

ഒക്കെ ഞാനോര്‍ക്കുന്നു

പ്രകൃതിയുടെ പ്രക്ഷുബ്ധവിലാപത്തില്‍

എന്റെ ഏതാനും കണ്ണുനീര്‍ത്തുള്ളികള്‍ക്കെന്തു വില

എന്നു ഞാനോര്‍ക്കും

എന്റെ കണ്ണുനീര്‍ ഗ്രന്ഥികള്‍ വറ്റുമ്പോള്‍

കടല്‍ വറ്റില്ലെന്ന് ഞാനാശ്വസിക്കും

പകല്‍മഴ ആത്മാവില്‍ തീര്‍ത്ഥജലം പോലെയാണ്

ഹൃദയത്തിന്റെ അഗാധമായ ശാന്തിയില്‍

മുഖത്തുവിരിയുന്ന പുഞ്ചിരി പോലെ

പകല്‍മഴയെ എന്നും ഞാന്‍ സ്വീകരിക്കാറുണ്ട്

മഴയ്‌ക്കെതിരെ കുട നിവര്‍ത്തുമ്പോള്‍

മനസ്സില്‍ നാം മഴയെ ശല്യമായിക്കരുതുന്നു

സ്‌നാനജലം പോലെ മഴയെക്കണ്ട്

ശരീരത്തില്‍ സ്വീകരിക്കുമ്പോള്‍

മഴ കുസൃതിയുടെ ഗ്രഹാതുരത്വ സ്മരണകളില്‍

മനസ്സില്‍ നിറഞ്ഞു പെയ്യുന്നു

പുറത്തും മഴ, അകത്തും മഴ

പകല്‍

വരാന്തയില്‍ വലിച്ചിട്ട കസേരയിലിരുന്ന്

കൗതുകത്തോടെ മഴയെ ഞാന്‍ ശ്രവിക്കാറുണ്ട്

കുരുന്നുകളുടെ കുസൃതിച്ചിരി പോലെ

സൗഹൃദസദസ്സിന്റെ ഹര്‍ഷാരവം പോലെ

മഴയെന്നെ ആശ്വസിപ്പിക്കുകയും

സമ്മാനിതനാക്കുകയും ചെയ്യുന്നുണ്ട്

കാറ്റും കോളും നിറഞ്ഞ് തിമിര്‍ത്താടി

പെയ്തു ശാന്തമാകുന്ന മഴ

വിക്ഷോഭത്തിനു ശേഷമടങ്ങുന്ന മനസ്സുപോലെ

എന്നോടു സംവദിക്കാറുണ്ട്

വേനല്‍ച്ചൂടില്‍ പ്രകൃതി കരിഞ്ഞുണങ്ങി

വിലപിക്കുമ്പോള്‍

ദാഹത്തോടെ മനസ്സും മഴക്കുവേണ്ടി

പ്രാര്‍ത്ഥിക്കാറുണ്ട്

പ്രകൃതിയുടെ വരള്‍ച്ചയ്ക്ക് മഴ പെയ്യുമ്പോള്‍

തൈലം പോലെ അതു പെയ്യുന്നത്

മനസ്സിലാണെന്നു തോന്നും

മഴ വിശ്രാന്തിയുടെ ദൂതനാണ്

ദുഖത്തിന്റെ മരുഭൂമിയിലെ മന്ദമാരുതനാണ്

ഞാന്‍ മഴ പെയ്യാന്‍ ആഗ്രഹിക്കുകയും

പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു

മഴ ചിലപ്പോള്‍ ഒരു സാത്വികനും

ചിലപ്പോള്‍ അഹങ്കാരിയുമാണ്

മഴ ചിലപ്പോള്‍ സ്വാതന്ത്ര്യവും ദുര്‍ന്നടപ്പും കലാപവുമാണ്

മഴ കടന്നാക്രമണവും ദുരന്തവുമാണ്

മഴ മനുഷ്യനെ അവഗണിച്ചു പായുന്ന

പ്രകൃതിയുടെ സ്വാതന്ത്ര്യമാണ്

എിന്നിട്ടും ഈ മഴയെ ഞാന്‍ സ്‌നേഹിക്കുന്നു

കാരണം മഴ ജീവിതമാണ്

നീണ്ട കാത്തിരിപ്പിന്റെ വരണ്ട വയലേലകളില്‍

വിണ്ടുകീറിയ മണ്ണിലേക്കു

ചിന്നം പിന്നം പതിക്കുന്ന

മഴത്തുള്ളികള്‍ ഉണര്‍ത്തുപാട്ടോ

പ്രണയത്തിന്റെ ആദ്യ സന്ദേശമോ ഒക്കെയാണ്

മഴ സംഗീതമാണ്

പ്രതലത്തില്‍ നിന്ന് പ്രതലത്തലേയ്ക്ക്

മാറുമ്പോള്‍ രാഗവും താളവും മാറ്റി

നൃത്തച്ചുവടുകള്‍ക്കകമ്പടിയായ സംഗീതം

എത്രയെത്ര സ്വരങ്ങള്‍!

ഓരോ സ്വരവും അതില്‍ ചേരുന്ന സംഗീതവും

പ്രകൃതിയുടെ ഉത്സവമായി വിരിയുന്നു

മഴ ഉത്സവമാണ്

എന്റെ ഉന്മാദം നിറഞ്ഞ മനസ്സിന്

മഴ ഉത്സവമായും

ദുഖാര്‍ദ്രമായ മനസ്സിന്

മഴ കണ്ണുനീരായും

അകമ്പടി സേവിക്കുന്നു

പുറത്തു മഴ പെയ്യുകയാണ്

മഴ ഗര്‍ഭപാത്രത്തിന്റെ വിസ്മൃതിയാണ്

എന്റെ ഏകാന്തതകളില്‍

നൊമ്പരങ്ങളും മുറിപ്പാടുകളുമില്ലാതെ

ആശ്വസിക്കാന്‍ സാന്ത്വനത്തിന്റെ ഒരു ഗൃഹം

ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍

മനസ്സില്‍ നിന്ന്  പെയ്തകന്ന് പോകുന്ന

അശാന്തിയുടെ ചീളുകളാണെന്ന്

പലപ്പോഴും തോന്നാറുണ്ട്

മഴ കളിക്കൂട്ടിന്റെ കുസൃതിയായും

പ്രണയത്തിന്റെ അകല്‍ച്ചയായും

എന്നെ  നൊമ്പരപ്പെടുത്താറുണ്ട്

നൊമ്പരങ്ങള്‍

നീണ്ടു പെയ്യുന്ന

കോരിച്ചൊരിയുന്ന  പേമാരി

എന്നെ  എളിമപ്പെടുത്തുന്നു

മനസ്സ് പ്രകൃതിയോടു ചേര്‍ക്കുമ്പോള്‍

മഴ പെയ്യുന്നത് എന്റെ ഉള്ളിലാണ്

എനിക്കിനിയും തിരിച്ചറിയാനാകാത്ത

എന്തൊക്കെയോ ആയി

എന്റെ ഉള്ളില്‍ മഴ നിറഞ്ഞു പെയ്യുന്നു

Categories:   Poems

Comments

Sorry, comments are closed for this item.