ഹൃദയദർശനം

Menu

ഇടം

ഞങ്ങളുടെ

കൊച്ചു വീടുകള്‍

നിങ്ങള്‍

ആക്രമിക്കുന്നതെന്തിന്

നില്ക്കാനൊരിടം നഷ്ടപ്പെട്ടാല്‍

ഇനി

ഞങ്ങളെങ്ങോട്ടു പോകും?

ഞങ്ങളുടെ കൊച്ചു പ്രശ്‌നങ്ങളെ

നിങ്ങള്‍ ബാലിശമായി കരുതുന്നതെന്തിന്?

നിങ്ങളുടെ ബാല്യത്തിന്റെ കൊച്ചു പ്രശ്‌നങ്ങളെ

അമ്മ കരുതിയതോര്‍ക്കുന്നില്ലേ

നിങ്ങള്‍ക്ക് ഒരമ്മയുടെ മനസ്സും

ക്ഷമയും ഇല്ലാത്തതെന്തുകൊണ്ടാണ്?

ഞങ്ങള്‍ ചെറുതായതു കൊണ്ട്

അല്പം ഇടത്തിനവകാശം

നിങ്ങളെക്കഴിഞ്ഞും  ഞങ്ങള്‍ക്കല്ലേ?

അതെങ്ങനെ,

ഇടം നഷ്ടമായവന്റെ വേദന അറിഞ്ഞവനല്ലേ

അല്പം ഇടത്തിന്റെ വിലയറിയൂ!

നിങ്ങളുടെ മനസ്സിടമില്ലാത്തതുകൊണ്ടല്ലേ

ഈ ഭൂമിയില്‍ നിന്ന് ഞങ്ങളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നത്?

നിസ്സഹായന്റെ സങ്കടം

ഭൂമിയെ ചൊടിപ്പിക്കുമെന്നറിയാത്തതെന്താണ്?

അല്ലെങ്കില്‍ നിങ്ങള്‍ ഒരു പുല്‍നാമ്പൊടിച്ചു നോക്കൂ

അത് നിന്റെ തലച്ചോറില്‍ ഒരു ഞരമ്പു പൊട്ടിക്കുന്നുണ്ട്

എവിടെയൊക്കെയോ നിനക്ക് ബോധം നഷ്ടപ്പെടുന്നുണ്ട്.

എന്റെ ആഗ്രഹങ്ങള്‍ ചെറുതാണന്നറിഞ്ഞു കൂടെ?

ഞാനൊരപ്പം കഴിച്ചോട്ടെ

ഒരിത്തിരി വെള്ളം കുടിച്ചോട്ടെ

ഇത്തിരി ഉറങ്ങി വിശ്രമിച്ചോട്ടെ

നിങ്ങള്‍ കാവല്‍ നില്ക്കയൊന്നും വേണ്ട

ആട്ടിപ്പായിക്കാതിരുന്നാല്‍ മതി

ഇതൊക്കെ നിന്റെ കുഞ്ഞ് നിന്നോടു പറഞ്ഞാല്‍ നിനക്കു നോവും

നീ ഒരിക്കലെന്നെ പേരു വിളിച്ചാല്‍

നിനക്കെന്നെ ആട്ടിപ്പുറത്താക്കാനാവുമോ?

പുറത്താക്കലെല്ലാം അറിവില്ലായ്മകളാണെന്ന് ഒരുത്തന്‍

പറഞ്ഞിട്ടുണ്ട്

അവന്‍ തന്നെയാണ് നിന്നോടും ക്ഷമിക്കേണ്ടത്.

അല്ലെങ്കില്‍ തന്നെ എനിക്കെന്തിന് പരാതി

പുറത്താക്കപ്പെട്ടാല്‍ പിന്നെ വിശദീകരണമൊന്നും ആവശ്യമില്ലല്ലോ

പിന്നെ ഒരിടത്തിന്റെ സ്വപ്നം മാത്രം ബാക്കി.

Categories:   Poems, കുറിപ്പുകൾ

Comments

Sorry, comments are closed for this item.