ഹൃദയദർശനം

Menu

നിമിഷം

ചില പാതകള്‍ എന്നും സമാന്തര പാതകള്‍ തന്നെയായി നില്‍ക്കും.

യാത്രയില്‍ ഒരു പാളി നോട്ടം അപ്പുറത്തെ പാതയിലെ യാത്രികരിലേയ്ക്കാണ്.

യാത്രകളോ, പാതകളോ, യാത്രികരോ നമ്മെ ഭ്രമിപ്പിക്കുന്നത്?

അതോ അപ്പുറത്തെ പാതകളില്‍ നിന്ന് കേള്‍ക്കുന്ന ഗീതങ്ങളും ആഹ്ലാദാരവങ്ങളും ആണോ?

ചിലര്‍ ഒറ്റയ്ക്ക് നടക്കേണ്ടവരാണ്. അത് ജീവിതത്തിന്റെ വിധിയായിട്ടല്ല.. അതാണവരുടെ ജീവിതത്തില്‍ ഏറ്റവും സുന്ദരമായി പരിണമിക്കുക.

ചിലര്‍ ഒരിക്കലും ഒറ്റയ്ക്ക് നടക്കരുതാത്തവരാണ്..അതായിരിക്കും അവരുടെ ജീവിതത്തില്‍ ഏറ്റവും കയ്പ്പുണ്ടാക്കുക.

എല്ലാവരുടെ ജീവിതത്തിലും ഒറ്റപ്പെടലും ഒത്തു ചേരലുമുണ്ട്.

അത് ചിലപ്പോള്‍ കാലത്തിലൊ സമയത്തിലോ പോലും ആവണമെന്നുമില്ല.

ജീവിതം നിമിഷങ്ങളുടേതാണ്.

ശരിക്കും കാലം നമ്മെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്.

എന്നിട്ട് നിമിഷങ്ങളുടെ തുട്ടുകള്‍ വച്ചുനീട്ടുന്നു. ചിലര്‍ മൊത്തമായേ അത് സ്വകരിക്കൂ. നിമിഷങ്ങള്‍ സന്തോഷത്തോടെ സീകരിക്കുന്നവരെല്ലാം ഈ കാലത്തിന്റെ ദരിദ്രരും, കാലത്തിനപ്പുറത്തെ സമ്പന്നരുമാണ്.

പാതകള്‍ സമാന്തരങ്ങളാകുമ്പോഴും ജീവിതങ്ങള്‍ എവിടെയൊക്കെയോ കൂട്ടിമുട്ടുന്നുണ്ട്. അത് ചിലപ്പോള്‍ അദൃശ്യമായ ചില ചരടുകളിലാവാം.

അത് ചിലപ്പോള്‍ വിവരണാതീതമായ തലങ്ങളിലാവാം.ആരുടെ സ്‌നേഹവും ഒന്നിലേയ്ക്ക് തന്നെ ചുരുങ്ങുന്നില്ല. ഒന്നിലേയ്ക്ക് തന്നെ തിരിയുന്നില്ല. വിവിധ നിറങ്ങള്‍ കൊണ്ട് ജീവിതം നിങ്ങളെ പ്രലോഭിപ്പിക്കുന്നു. ഒന്നും സ്വന്തമാക്കാന്‍ കഴിവില്ലെന്നറിഞ്ഞിട്ടും നാം എല്ലാം സ്വപ്നം കാണുന്നു. കഴുകനേയും വൃദ്ധനേയും നാം സ്‌നേഹിതരാക്കുന്നു. സിംഹത്തേയും യാചകനേയും നാം പ്രണയിക്കുന്നു. അസംബന്ധങ്ങള്‍ തിരിച്ചിറിഞ്ഞിട്ടും നാം ചെവി കൊടുക്കുന്നു. കാരണം ജീവിതം നിമിഷങ്ങളുടേതാണ്. അത് നിങ്ങളുടെ ശ്വാസം പോലെ പവിത്രവും ഹൃദയമിടിപ്പു പോലെ സുന്ദരവുമാണ്.

ജീവിതത്തിലെവിടെയോ വെച്ച് നീ നിനക്കു ചുറ്റുമിരമ്പുന്ന ജനസമുദ്രത്തെ സ്വീകരിച്ചു ഹൃദയത്തിലടയ്ക്കുമ്പോള്‍, ഓര്‍മ്മകളിലോരോ ജീവിതകഥയും കൊറിച്ചു തിന്നുമ്പോള്‍ നീ മരണത്തിനുമപ്പുറത്ത് കാലത്തെ അനുഭവിക്കുകയായിരിക്കും. കാരണം ജീവിതം നിമിഷമാണ്. നിമിഷം നിത്യമാണ്.

Categories:   Reflections

Comments

Sorry, comments are closed for this item.