നീതിമാന്റെ മരണം
മരണത്തിനു മുമ്പിലേയ്ക്ക് നടന്നു പോകാന്‍ ഇനിയും ഞാന്‍ ഒരുങ്ങിയിട്ടില്ല. പക്ഷേ മരണത്തെ ഞാന്‍ സ്നേഹിക്കുന്നുണ്ട്. സങ്കടങ്ങള്‍ക്ക് സൗന്ദര്യമുണ്ടെങ്കില്‍ വേര്‍പാടുകള്‍ സുന്ദരമാണെങ്കില്‍ മരണത്തിന്റേത് വജ്രത്തിളക്കമാണ്. എഴുതിത്തീര്‍ത്ത വാക്കുകള്ക്കൊടുവിലെ വിരാമം പോലെ ജീവിതത്തിന്റെ ചലനങ്ങളെ സ്വരൂപിച്ച് ദൈവം ഇടുന്ന അവസാനത്തെ കുത്ത്.
അഞ്ചുമാസങ്ങള്‍ കൊണ്ട് മരണത്തിന്റെ പടവുകളിലൂടെ പപ്പാ നടന്നിറങ്ങുമ്പോള്‍ മരണത്തെയും ജീവിതത്തെയും സ്നേഹത്തെയും ജന്മത്തെയും ധ്യാനിച്ചു. ബാല്യത്തിന്റെ പരിദേവനങ്ങള്‍ മുതല്‍ ഈ മദ്ധ്യവയസ്സിന്റെ സ്വാതന്ത്ര്യം വരെ അധികാരം കൊണ്ടും വാത്സല്യം കൊണ്ടും ഉപദേശം കൊണ്ടും അപ്പനായി നിറഞ്ഞ് നിന്നിട്ട്
ഒടുവില്‍ കുഞ്ഞായി ജീവിത്തോട് കൊതി പറഞ്ഞ് മൗനമായി സങ്കടപ്പെട്ട് മരണത്തില്‍ അപ്രത്യക്ഷനായി. ഈ കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ പപ്പയെ കൂടാതെ മറ്റ് അഞ്ചു പേരെയെങ്കിലും അല്പം അകലെയായി മരണനിമിഷങ്ങളില്‍ അനുഗമിക്കുകയും ചെയ്തു. പക്ഷേ നീതിമാന്റെ മരണം ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യമാണെന്ന ഒറ്റവചനം ചവച്ചിറക്കാന്‍ നന്നേ ബുന്ധിമുട്ടി.
ക്യാന്‍സര്‍… ഞണ്ട് രോഗമെന്ന് പണ്ട് സുഹൃത്ത് ബോബി പണ്ട് ഓമനപ്പേരിട്ടു വിളിച്ച രോഗം. സാര്‍ക്കോമ എന്ന ക്യാന്‍സര്‍ പപ്പയ്ക്ക് ദിവസങ്ങള്‍ മാത്രമെന്ന് മുന്നറിയിപ്പു നല്കിയപ്പോള് മുതല്‍ ജീവിതവും രോഗവും മരണവും ഒരൊറ്റ ബിന്ദുവിലായി ചുരുങ്ങിപ്പോയി. ഡിസംബറിലെ അവധിക്കാലത്ത് സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഒരുമിച്ച് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കാലിലൊരു മുഴയായി പപ്പയ്ക്ക് ഞണ്ടുരോഗമുണ്ടെന്ന് അറിയില്ലായിരുന്നു. ഒരു പിന് വിളിയില്‍ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ അത് മരണത്തിന്റെ ഉണര്‍ത്തുപാട്ടായിരുന്നു എന്നു വിചാരിച്ചതുമില്ല.
പണ്ട് ആളുകള്‍ മരിക്കുമ്പോള്‍ ചോദിക്കുമായിരുന്നു, എത്ര വയസ്സായെന്ന്. 70 വയസ്സും 80 വയ്സ്സും മരിക്കാന്‍ പറ്റിയ പ്രായമാണെന്ന് മനസ്സിലാശ്വസിക്കുകയും ചെയ്യുമായിരുന്നു. പ്രായം കൊണ്ട് നിസ്സാരവത്കരിക്കപ്പെട്ട മരണം, പപ്പയെ കൊണ്ടു പോയപ്പോള്‍ ജീവിതത്തിന്റെ നാല്ക്കവലകളിലൊന്നിലെത്തിപ്പെട്ടതു കൊണ്ടാവണം അത് വളരെ ഗൗരവമുള്ളതായി. ജനുവരി മുതല്‍ ആശുപത്രിക്കിടക്കയ്ക്കരികില്‍ കൂട്ടിരിക്കുമ്പോഴെല്ലാം ഓര്മ്മകളാണെന്നെ പൊള്ളിച്ചത്. ബാല്യം മുതല്‍ ആശുപത്രിയിലെ കയറ്റിയിറക്കങ്ങളും അതിന്റെ പിന്നിലെ വാത്സല്യവും തികട്ടി തികട്ടി വന്നു. അന്നു വരെ ജീവിതത്തിലനുഭവിച്ച ശിക്ഷണങ്ങളും വഴക്കുകളും എന്തിന് സ്നേഹരാഹിത്യം പോലും മധുരമുള്ളതായി തോന്നി. കടന്നു പോന്ന വഴികളിലൊക്കെ നീരസത്തോടെ ഓര്‍മ്മിച്ചിരുന്ന പപ്പയുടെ ഇടപെടലുളെല്ലാം ഈ പടിയിറക്കത്തില്‍ കൂട്ടിരിക്കുമ്പോള്‍ സുന്ദരമായി അനുഭവപ്പെട്ടു. എല്ലാറ്റിനുമുപരി പപ്പയുടെ നിസ്സാഹായതയില്‍ മരുന്നിനേക്കഴിഞ്ഞും ബലം സ്നേഹത്തിനു നല്കാന് കഴിയുമെന്ന് തിരിച്ചറിഞ്ഞു.
എന്റെ 21 ാം വയസ്സിലാണ് മമ്മിയ്ക്ക് ഓര്‍മ്മ നഷ്ടപ്പെട്ടു തുടങ്ങിയത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ നീണ്ട 13 വര്‍ഷങ്ങളില്‍ എനിക്കമ്മയും അപ്പനും പപ്പ തന്നെയായിരുന്നു. 13 വര്‍ഷത്തെ പപ്പയുടെ ത്യാഗപൂണ്ണമായ ശുശ്രൂഷയില്‍, ജീവിത്തിന്റെ നിസ്സഹായതയില്‍ ദൈവത്തോട് കലഹിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടായ കുറവുകളെ നീതികരിക്കാന്‍ സ്വയം സ്വാതന്ത്ര്യം പോലും നിക്ഷേധിച്ച് തന്നെത്തന്നെ ശിക്ഷിക്കുകയായിരുന്നു പപ്പ എന്നു പോലും തോന്നിപ്പോയി പലപ്പോഴും. മമ്മിയുടെ മരണ ശേഷം വെറും ആറു വര്‍ഷത്തിന്റെ ശുദ്ധവായുവേ ആ പാവം മനുഷ്യനു കിട്ടിയുള്ളൂ. അതാവട്ടെ സമൃദ്ധമായി ദരിദ്രര്‍ക്കും പീഡിതര്‍ക്കുമായി വീതിച്ചു കൊടുക്കുകയും ചെയ്തു. അസീസിയിലെ ഫ്രാന്‍സിസിന്റെ ജീവിതം ലഹരിക്കു പിടിച്ചതു പോലെയായിരുന്നു അത്. അതു കൊണ്ടാവണം മരണശേഷം ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ കാവി വസ്ത്രം ധരിപ്പിക്കണമെന്നും, അവസാനചുംബനത്തില്‍ മുത്താനുപയോഗിക്കുന്ന തൂവാലയുടെ നിറം പോലും കാവിയാവണമെന്നും നിര്കര്ഷിച്ചത്.
അപ്പനുമമ്മയുമില്ലാത്ത ഏതൊരു അനാഥന്റെയും നൊമ്പരം ഇപ്പോള്‍ എന്റെ ഉള്ളിലുണ്ട്. ജീവിതത്തിന്റെ അപരിഹാര്യമായ സന്നിഗ്ധാവസ്ഥളുടെ കയ്പ്പ് ഉള്ളില്‍ നിറയുന്നുണ്ട്. ജീവിതത്തില്‍ ഒരാളുടെ അസാന്നിധ്യം കൊണ്ടുണ്ടാുന്ന സ്പേസ് നികത്താന്‍ ഒന്നിനും കഴിയില്ല. ജീവിതം വീണ്ടും ധ്യാനവിഷയമാകുന്നു. ദൈവം എവിടെയോ ആഴമായ ഒരു നോട്ടമെറിഞ്ഞ് നില്‍പ്പുണ്ട്.
അവസാനനാളുകളില്‍ പപ്പാ പറയുമായിരുന്നു.
‘എടാ, വന്നൊന്നടുത്തിരിക്കടാ, ഒന്നു കെട്ടിപ്പിടിക്കടാ’.
പടിയിറക്കത്തിന്റെ അപൂര്‍വ്വം ദിനങ്ങളില്‍ ചിലതില്‍ പപ്പാ എനിക്കു മകനായി. അപ്പന്റെ വാത്സല്യത്തോടെ ഞാനാ മകനെ ചുംബിച്ചു, ചേര്‍ത്തു പിടിച്ചു, ഉറങ്ങാതെ കൂട്ടിരുന്നു. ഇരുട്ടത്ത് ആരും കാണാതെ കരഞ്ഞു. കുറെ കടങ്ങള്‍ വീട്ടണമെന്നുണ്ടായിരുന്നു. പക്ഷേ ഇന്നും ഞാന്‍ കടക്കാരന് മാത്രമാണ്.
ശാന്തമായാണ് പപ്പാ കടന്നു പോയത്. ഒരു ചെറിയ ഇടവേളയ്ക്ക് റോമിലേയ്ക്ക് മടങ്ങിയതും രോഗം കൂടിയതും പെട്ടെന്നായിരുന്നു. എന്നിട്ടും അവസാനശ്വസം എനിക്കു വേണ്ടി സൂക്ഷിച്ച് പപ്പാ കാത്തിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലെത്തുന്നതുവരെ ആത്മാക്കളുടെ ആശയവിനിമയത്തെക്കുറിച്ച് ഞാന്‍ വിശ്വസിച്ചിരുന്നില്ല. റൂമിലെത്തി നെറ്റിയില്‍ കൈവെച്ച് നില്ക്കുമ്പോള് പപ്പാ പോയി. എലിയേനായി എന്ന നോവലിലെ ്അല്ഫോന്സോ എന്ന കഥാപാത്രം മനസ്സിലെത്തി. സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ ചിലതെല്ലാം ജീവിതത്തില്‍ തിരിച്ചു വരുന്നതു പോലെ തോന്നി.
ജീവിതത്തോട് ശരിക്കും കൃതജ്ഞത തോന്നുന്നു. നോമ്പരങ്ങളോട് നന്ദിപറയുന്നു. തളരാതിരിക്കാന്‍ കരം പിടിച്ച ഒരുപാട് മനുഷ്യരുണ്ട്, കണക്കില്ലാതെ ഇങ്ങനെയും സ്നേഹിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നവര്‍. സ്നേഹവും നൊമ്പരവും കൂട്ടിക്കലര്‍ത്തിയ ചേരുവുകള്‍ കൊണ്ട് ദൈവം എന്നോട് കലഹിക്കുന്നു. മനോഹരമായ ഒരു ഏകാന്തയാത്രയുടെ അന്തരാര്‍ത്ഥങ്ങളിലേയ്ക്ക് മനസ്സുണരുന്നു.
Categories: Memmories
Sorry, comments are closed for this item.