ഹൃദയദർശനം

Menu

സിസ്റ്റര്‍ ലിസിനെ പരിചയപ്പെട്ടത്

അവിചാരിതമായായിരുന്നു സിസ്റ്റര്‍ ലിസിനെ പരിചയപ്പെട്ടത്. കാരിത്താസ് ഹോസ്പിറ്റലില്‍ പപ്പ കിടക്കുമ്പോള്‍ കേട്ടു ജര്‍മനിയില്‍ നിന്നും ഒരു സിസ്റ്ററിനെ കാന്‍സര്‍ വാര്‍ഡിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന്. നാട്ടില്‍ അവധിക്ക് വന്നിട്ട് തിരിച്ചു പോയിട്ടേയുണ്ടായിരുന്നുള്ളു സിസ്റ്റര്‍ ലിസ്. തൊട്ടടുത്ത റൂമില്‍ അവരെത്തുമ്പോള്‍ കാണാന്‍ പോയി. പ്രസാദവും പ്രതീക്ഷയുമായി അസുഖത്തിന്റെ ഗൗരവമറിയാതെ അവര്‍ ചിരിച്ചു സംസാരിച്ചു. പപ്പ ആശുപത്രിയില്‍ കിടന്ന എല്ലാ ദിവസവും അവരെ കാണാന്‍ ഞാന്‍ പോകുമായിരുന്നു. പ്രസാദത്തോടെ സംസാരിച്ച് പ്രതീക്ഷയോടെ പിരിഞ്ഞ ദിനങ്ങള്‍. പപ്പ മരിച്ചതിനു ശേഷവും ഒന്നു രണ്ടു തവണ ആശുപത്രിയില്‍ മഠത്തിലുമായി അവരെ കണ്ടു. അവസാനം കണ്ടിട്ടു പോരുമ്പോഴും ജീവിക്കാനുള്ള ആഗ്രവും പ്രതീക്ഷയുമായി ക്യാന്‍സറിനോട് അവര്‍ മല്ലടിക്കുകയായിരുന്നു. ഇന്നലെ സിസ്റ്റര്‍ യാത്രയായി. വേദനകളില്ലാത്ത ലോകത്തേയ്ക്ക്.

വളരെ കുറച്ച് നാളുകളുടെ പരിചയമേ ഉള്ളൂവെങ്കിലും മനസ്സില്‍ ഒരു വേദനയായി അവര്‍ ഉണ്ടായിരുന്നു. സാഹോദര്യത്തിന്റെ അദൃശ്യനൂലുകള്‍ ഇഴപാകിയ ഒരു ബന്ധം ഞാനും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. പരിചയപ്പെട്ട ഓരോ ജീവിതവും മരണത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേയ്ക്ക് മറയുമ്പോള്‍ അഗാധമായ ദുഖം മനസ്സിനെ കീഴടക്കുന്നു. പ്രിയ സോദരി ലിസ് തെരേസ് കാവുങ്കല്‍, നന്ദി നിനക്ക്. ജീവിതത്തിന്റെ മൃദുചലനങ്ങളുടെ ഭംഗിയെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതിന്. ജീവിതം ഒരു യാത്രയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതിന്. പിന്നെ സാഹോദര്യത്തിനും, സൗഹൃദത്തിനും.

Categories:   Memmories

Comments

Sorry, comments are closed for this item.