ഹൃദയദർശനം

Menu

നല്ല മനുഷ്യനായിരുന്നു

സങ്കടങ്ങൾ ചുരത്തുന്ന മുലകളിൽ അമ്മയെ കാണാൻ കഴിയില്ലന്ന് അയാൾ പരിതപിച്ചപ്പോൾ ശൈശവത്തിൻറെ നൈർമ്മല്യം മുലപ്പാലുപോലെ അയാളിൽ മണക്കുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ടവൻറെ വ്യഥയ്ക്ക് തലമുറകളുടെ പാരമ്പര്യമാണ്.  അത് പൊക്കിൾക്കൊടികളെ വിദ്യുത്പ്രവാഹമേൽപ്പിച്ച് തലച്ചോറിനെ മരവിപ്പിച്ച് പ്രജ്ഞയില്ലാതാക്കും. അബോധങ്ങളിൽ നിന്ന് തലമുറകളുടെ ചരിത്രം പഠിച്ച് തമോഗർത്തങ്ങളിലൂടെ സഞ്ചരിക്കും. ഈ കൂട്ട് എന്ന് പറയുന്നത് വെറും സ്വപ്നം മാത്രമാണ്. ഒറ്റയ്ക്കാണെന്നോർമ്മപ്പെടുത്താൻ കൂടിനിൽക്കുന്നത് മാത്രം.  ഒരിക്കലും പരിഹരിക്കാനാവാത്ത ആശയവിനിമയത്തിൻറെ അഗാധഗർത്തങ്ങൾ, എല്ലാ സൗഹൃദങ്ങളിലും ബന്ധങ്ങളിലും പിറക്കാൻ വെമ്പി ഗർഭത്തിൽ ഉറങ്ങുന്നു. പറയുമ്പോൾ മനസ്സിലാകാതെയും കേൾക്കുമ്പോൾ തിരിച്ചറിയാതെയും, ആഗ്രഹിക്കുമ്പോൾ വാക്കുകൾ വരാതെയും ഇരിക്കുന്നത് അതുകൊണ്ടാണ്.  രൂപവും, ശബ്ദവും ദ്രവിച്ച നിഴലുകൾ ഓർമ്മകളിൽ നിറഞ്ഞ് കലഹിക്കുന്നതിനെക്കുറിച്ച് പിന്നെ എന്തു പറയാൻ. അടിസ്ഥാനപരമായി നമ്മുടെ നിഴലിനെയന്വേഷിച്ചാണല്ലോ നാം യാത്ര ചെയ്യുന്നത്. അതാവട്ടെ ഇരുട്ടിൽ മരണപ്പെട്ട് വിസ്മൃതിയിൽ കലഹിക്കുന്നു. വാക്കുകൾക്ക് അർത്ഥം നഷ്ടപ്പെട്ട് ചിന്തകൾ കൊരുത്ത് കണ്ണ് തുറിച്ച് ശ്വാസം നിലയ്ക്കുമ്പോൾ ആരെങ്കിലും  നമ്മുടെ കണ്ണുകൾ തിരുമ്മിയടച്ച് പറയും. “നല്ല മനുഷ്യനായിരുന്നു.”

Categories:   Reflections

Comments

Sorry, comments are closed for this item.