സഞ്ചരിക്കാത്ത വഴിയാണ് പ്രണയം
ഒരേ സമയം ഒന്നില്‍ നിന്ന് ഒന്നിലേയ്ക്ക് ഒരു പ്രവാഹമാണ് . തരിച്ചറിവിന്റെ തരംഗങ്ങളില്‍ സമാനത കണ്ട് ഒന്ന് മറ്റൊന്നിനെ ആഗ്രഹിക്കലാണത്. വിരുദ്ധ സ്വഭാവങ്ങളുടെ സമ്മേളനവും ദ്വന്ദഭാവങ്ങളുടെ കൂടിച്ചേരലുമാണത്. അങ്ങനെ സ്വയം അറിയുകയും തനിക്കില്ലാത്ത തന്റെ വിരുദ്ധഭാവങ്ങളെ തിരിച്ചറിയുകയും ചെയ്യലാണത്. ദൈവം അങ്ങനെയാണ് ഈ പ്രപഞ്ചത്തെ ക്രമീകരിച്ചിരിക്കുന്നത്.. ജീവനെയും ജീവിതത്തെയും വിന്യസിച്ചിരിക്കുന്നത്.
സൗഹൃദങ്ങളില്‍ നിന്ന് വേറിട്ട് കീറിയ ഒരു ചാലാണ് പ്രണയം. അതില്‍ സൌഹൃദത്തിന്റെ പൂര്‍ണ്ണതയും സ്വന്തമാക്കലിന്റെ അകലമില്ലായ്മയുമുണ്ട്. പ്രണയം ഒരു ഭാവമാണ്. പ്രണയിക്കുന്നത് ജീവിതത്തെയാണ്. ചില മനുഷ്യര്‍ വല്ലാതെ നമ്മെ ആകര്‍ഷിക്കുന്നു. അവര്‍ ചാരത്തുണ്ടായിരുന്നെങ്കിലെന്ന്, നമ്മെ ഒന്നു നോക്കിയിരുന്നെങ്കിലെന്ന് ഒന്ന് സ്പര്‍ശിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് കൊതിക്കുന്ന തരത്തിലുള്ള ജീവിതങ്ങള്‍.. ജീവിതത്തിന്റ അപൂര്വരാഗങ്ങളിലൊന്നാണ് പ്രണയം. അത് എപ്പോഴും സംഭവിക്കുന്നില്ല.
പ്രണയം നൊമ്പരമാണ്. സ്നേഹത്തിന്റെ ചെറിയ നിഴലനക്കങ്ങളില്‍ പോലും മനസ്സ് ആര്‍ദ്രമാവുകയും ആകുലപ്പെടുകയും ചെയ്യുന്നു. വേര്‍പാടും കൂടിച്ചേരലും എല്ലാം നൊമ്പരമാണ്.
പ്രണയം രഹസ്യമാണ്. സ്വകാര്യതയിലെ മയില്‍പീലിതുണ്ടു പോലെ മാനം കാണിക്കാതെ കാത്തുവെച്ചിരിക്കുന്ന ചിന്തകള്‍ കൊണ്ടും സ്വപ്നങ്ങള്‍ കൊണ്ടും സ്വകാര്യ ആകാശങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പറന്ന് നടന്ന് സ്വയം വിസ്മരിക്കുന്ന കാലം. മനോരാജ്യങ്ങളില്‍ നിന്നുണര്‍ന്ന് യാഥാര്‍ത്ഥ്യങ്ങളെ അനുഭവിക്കാന്‍ കഴിയാതെ നൊമ്പരപ്പെടുകയും കണ്ണുനിറയുകയും ചെയ്യുന്ന മനസ്സിന്റെ രഹസ്യമുറിയാണത്. ഒരാളോടും പറയാന്‍ കഴിയാത്ത സ്വകാര്യവിചാരങ്ങള് കൊണ്ട് സ്നേഹം പ്രകടമാക്കാനാഗ്രഹിക്കുന്ന മനസ്സിന്റെ വീര്‍പ്പുമുട്ടലാണത്.
പ്രണയം വസന്തമാണ്. അത് രൂപമേകുന്ന പൂക്കളും സുഗന്ധവും വിവരണാതീതമായ ഒരു കാലം തന്നെ സൃഷ്ടിക്കുന്നു. അതില്‍ സൌന്ദര്യമുണ്ട്. ആസ്വാദനത്തിന്റെ ഗൂഢാനന്ദങ്ങളുണ്ട്. സ്വയം സമര്‍പ്പണത്തിന്റെ നഷ്ടങ്ങളില്‍ സ്വയം വിട്ടുകൊടുക്കുന്ന, ബോധമില്ലാത്ത ഉന്മാദത്തിന്റെ കയറ്റിയിറക്കങ്ങളിലൂടെയാണ് പ്രണയം പുഷ്പിക്കുന്നത്.
പ്രണയം ഒരു യാത്രയാണ്. തന്നിലേയ്ക്ക് തന്നെ തിരിയാതെ അപരനില്‍ സ്വത്വം കണ്ടെത്താനുള്ള യാത്ര. ഇണങ്ങിയും പിണങ്ങിയും സ്വീകരിച്ചും നിരാകരിച്ചും കൃത്യമായ ബന്ധത്തിന്റെ അകലം കണ്ടെത്തുന്ന യാത്ര. ഒരുമിച്ചിരിക്കുമ്പോള്‍ വലുതായും തനിച്ചിരിക്കുന്പോള് ചെറുതായും തന്നില്‍ തന്നെ പൂര്‍ണ്ണതയായും കണ്ടെത്തുന്ന വിചിത്രഭാവങ്ങളിലേയ്ക്കുള്ള യാത്ര.
പ്രണയം ശരീരത്തെ അതിജീവിക്കുന്ന ഒരു കാലമുണ്ട്. ഭാഷയെയും, കാലത്തെയും, സാമീപ്യത്തെയും ഒക്കെ അതിജീവിക്കുന്ന ഒരു വളര്‍ച്ചയുണ്ട്. ആത്മാവില്‍ മുദ്രിതമായിരിക്കുന്ന സൌഹൃദത്തിലേയ്ക്ക് വിശ്വാസത്തില്‍ ഉറപ്പിക്കപ്പെടുന്ന ഒരു ബന്ധം ചിലപ്പോള്‍ രൂപപ്പെട്ടേക്കാം.സഞ്ചരിക്കാത്ത വഴിയാണ് ഓരോ സൌഹൃദവും, ഓരോ ബന്ധവും, ഓരോ പ്രണയവും.
Categories: കുറിപ്പുകൾ
Sorry, comments are closed for this item.